നശ്വരമായ ഈ ജീവിതത്തിൽ നിന്ന് അനശ്വരതയെന്ന ലോകത്തിലേക്കുള്ള ചുവടുവെപ്പാണ് അക്ഷരക്കൂട്ടുകളുടെ ദിവ്യപ്രേമത്തിലൂടെ സാധ്യമാകുന്നത്. എന്റെ ഏകാന്തതയിൽ എന്നോടൊപ്പം നൃത്തം ചെയ്യാൻ എന്റെ ഭാവന കൂട്ടുവന്നു. അതിൽ മൃദംഗതാളമായി ഭക്തിയും, സംഗീതധാരയായി പ്രേമവും കൂടെ വന്നു. ഓരോ ബ്രഹ്മമുഹൂർത്തത്തിലും ഉറക്കമുണർന്നു ഉപാസന പോലെ ഞാൻ എന്റെ “അമ്പലനടയിലെ കാണിക്ക” എന്ന ഈ നോവലിന് രൂപം നൽകി. എന്റെ ഭാവന അതിനു ഊർജം നൽകി. എന്റെ തൂലിക അതിൽ പ്രേമത്തിന്റെ വർണം ചാലിച്ചു വരച്ചു. ഭക്തി അതിനു ആടയാഭരണങ്ങൾ നൽകി അനുഗ്രഹിച്ചു.
ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച്ചു വിശ്രമിക്കുമ്പോൾ നമുക്ക് കൂട്ടുവരുന്നത് ചിന്തയാണ്. അതിൽ നമ്മൾ കൂട്ടുകാരെ സൃഷ്ടിക്കുന്നു. അവർ അവരുടെ ഇന്നലെകൾ നമ്മളുമായി പങ്കിടുന്നു. അതിൽ ഓരോരുത്തരും നമുക്ക് പ്രിയപ്പെട്ടവരാകുന്നു. അവർ സഞ്ചരിച്ച വഴിയിലൂടെ നമ്മളും കടന്നു പോകുന്നു. അവരുടെ കൂടെ മിനിറ്റുകൾ, മണിക്കൂറുകൾ, ദിവസങ്ങൾ മാസങ്ങൾ അങ്ങനെ വർഷങ്ങൾ പോലും കടന്നു പോകുന്നത് നമ്മൾ അറിയുന്നില്ല. അവരുടെ കഥ കടലാസ്സിൽ തൂലികയായോ, കമ്പ്യൂട്ടറിൽ അക്ഷരമായോ നമ്മുടെ വിരലിലൂടെ ചലിക്കുന്നു. അതവരുടെ ജീവിതകഥയായ് മാറുന്നു. അവർ അതിലൂടെ അനശ്വരകഥാപാത്രങ്ങളായ് ജന്മമെടുക്കുന്നു.
ഒരു ‘അമ്മ 9 മാസക്കാലം തന്റെ ഗർഭപാത്രത്തിൽ സുരക്ഷിതമായി കൊണ്ടുനടന്നു പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു പോകണമെങ്കിൽ അവളുടെ അന്നത്തെ മാനസികാവസ്ഥ എത്രമാത്രം കഠിനമായിരിക്കുമെന്നു ഊഹിക്കാവുന്നതല്ലേ ഉള്ളൂ. അമ്പലത്തിൽ ഭഗവാന് ചാർത്താനായി നിത്യവും പൂമാലകെട്ടി അർപ്പിക്കാറുള്ള ഒരു കുടുംബത്തിലെ മൂന്നു തലമുറകളിലെ സ്ത്രീകളുടെ വിവിധതരത്തിലുള്ള ജീവിതങ്ങൾ കെട്ടുപിണഞ്ഞുള്ള കഥയാണിത്. എല്ലാം ഭഗവാനിൽ അർപ്പിച്ചു സ്വയം തന്റെ ദിനചര്യകൾ കർമ്മമായി അനുഷ്ഠിക്കുന്ന അരുന്ധതീദേവി. പ്രായത്തിന്റെ മലവെള്ളപ്പാച്ചിലിൽ വകതിരിവില്ലാതെ ചതിയിലകപ്പെട്ട അവരുടെ മകൾ സീത. അമ്മയും അച്ഛനുമുണ്ടായിട്ടും അനാഥയെപ്പോലെ വളരേണ്ടി വന്ന സീതയുടെ മകൾ അംബിക. പ്രേമം, നന്മ, ഭക്തി, ആത്മവിശ്വാസം എന്നിവ ഈ ജീവിതങ്ങളെ നയിക്കുന്നു.
അഹങ്കാരവും, സ്വാർത്ഥതയും, ചതിയും, വഞ്ചനയും കൈമുതലായ ചില മനുഷ്യർ ഇത്തിൾകണ്ണിയെപ്പോലെ മറ്റുള്ളവരുടെ ജീവിതം കാർന്നു തിന്നാൻ ശ്രമിക്കുന്നു. ഭക്തിമാർഗവും, പശ്ചാത്താപവും പ്രായശ്ചിത്തവും, തെറ്റുകളുടെ ലോകത്തു നിന്ന് ഒരു മനുഷ്യനെ നന്മയിലേക്ക് കര കയറാൻ സഹായിക്കുന്നുവെന്നതാണ് സത്യം. അങ്ങനെ എല്ലാം കോർത്തിണക്കിയ ഒരു ജീവിതസംഗമമാണ് എന്റെ രണ്ടാമത്തെ നോവലായ “അമ്പലനടയിലെ കാണിക്ക”. ഈ കൊച്ചു നോവൽ എന്റെ പ്രിയപ്പെട്ട വായനക്കാർക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

Reviews
There are no reviews yet.